അജാനൂർ : കോവിഡ് ദുരിതത്തിലെ റംസാൻ മാസത്തിൽ മണിക്കൂറുകൾക്കുള്ളിൽ കാരുണ്യ വിപ്ലവം തീർത്ത് ഐ.എൻ.എൽ സൗത്ത് ചിത്താരി ശാഖ പ്രവർത്തകർ . കോവിഡ് നാശം വിതച്ച സമയം മുതൽ പ്രദേശത്തു സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഐ.എൻ.എൽ പ്രവർത്തകർ . രോഗികൾക്ക് മരുന്നുകൾ എത്തിക്കാനും , കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം എത്തിക്കാനും , മറ്റു സേവന മേഖലയിലും വളണ്ടിയർമാർ സേവനം ചെയ്തു . പ്രദേശത്തു പെരുന്നാൾ ദിനത്തിൽ ചില വീടുകളിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ട് എന്ന് മനസ്സിലാക്കിയാണ് വെള്ളിയാഴ്ച പുലർച്ചെ പ്രവർത്തകർ റിലീഫ് പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് . പിന്നെ എല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തകർ ചെയ്തു തീർക്കുക ആയിരുന്നു . സംഘങ്ങളായി തിരിഞ്ഞ പ്രവർത്തകർ പെരുന്നാൾ ദിവസത്തിലേക്ക് വേണ്ട പോത്തിറച്ചിയും , കോഴി ഇറച്ചിയും , അപ്പം ചുടാൻ ആവശ്യമായ പഴം , കിഴങ്ങ് , എണ്ണ , മൈദ , നെയ്യ് , ബിരിയാണി വെക്കാൻ ആവശ്യമായ അരി തുടങ്ങി ജ്യൂസ് അടിക്കാൻ ആവശ്യമായ മുന്തിരി അടക്കം ഉൾപ്പെടുത്തി പതിമൂന്ന് വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ തയ്യാറാക്കി . മറ്റൊരു സംഘം ഫണ്ട് ശേഖരണം നടത്തി . അങ്ങനെ വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും കിറ്റുകൾ തയ്യാർ .
തുടർന്ന് കോവിഡ് സുരക്ഷാ മുൻകരുതൽ പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഐ.എൻ.എൽ വാർഡ് സെക്രട്ടറി എ.കെ അബ്ദുൽ ഖാദറിന് കൈമാറി വിതരണോദ്‌ഘാടനം നടത്തി . വിശപ്പിന് രാഷ്ട്രീയം ഇല്ല എന്നും , പരിശുദ്ധ റംസാനിൽ ദൈവത്തിന്റെ പ്രീതി കാംക്ഷിച്ചു നടത്തുന്ന കാരുണ്യ പ്രവർത്തനത്തിൽ രാഷ്ട്രീയം നോക്കാതെ ഐ.എൻ.എൽ പ്രദേശത്തു നടത്തുന്ന പെരുന്നാൾ കിറ്റ് വിതരണം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു . ഐ.എൻ.എൽ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ കെ.സി മുഹമ്മദ് കുഞ്ഞി അധ്യക്ഷം വഹിച്ച ചടങ്ങിന് ഐ.എം.സി.സി നേതാക്കളായ റഷീദ് കുളിക്കാട് സ്വാഗതവും , ബഷീർ കൊവ്വൽ നന്ദിയും പറഞ്ഞു . ഐ എം സി സി നേതാക്കളായ നാസർ ചിത്താരി , ആസിഫ് കെ കെ , ഖാദർ ചിത്താരി , അസ്ലം ചിത്താരി , അമീൻ മാട്ടുമ്മൽ തുടങ്ങിയവർ സംബന്ധിച്ചു . തുടർന്ന് മാസ്കുകൾ ധരിച്ചു പ്രവർത്തകർ ഓരോ വീടുകളിലേക്കും കിറ്റുകൾ എത്തിച്ചു .
Discussion about this post