ഞങ്ങളുടെ സൗഹൃദക്കൂട്ടത്തിലെ സകലകലാ വല്ലഭൻ. ഒഴിവുസമയങ്ങളിൽ ചിത്രരചനയും കഥയും, കവിതയുമൊക്കെയായി സജീവമാക്കുന്നവൻ. നാട്ടിലും, പ്രവാസ ലോകത്തും കാമറകണ്ണുകളിലൂടെ പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്നവൻ. അങ്ങനെ ഒത്തിരി വിശേഷണങ്ങൾ ഉണ്ട് പറയാൻ. ഇപ്പോൾ നാട്ടിൽ എത്തിയപ്പോൾ കൊറന്റൈൻ വിരസത മാറ്റാൻ കാലിഗ്രഫിയിൽ വിസ്മയങ്ങൾ തീർക്കുകയാണ് പ്രിയസുഹൃത്ത്. ഈ അടുത്ത കാലത്ത് മാത്രം ശീലിച്ച അറേബ്യൻ കാലിഗ്രാഫിയിൽ നയന മനോഹര വരകൾ തീർക്കുകയാണ് അസി. അറബിക് കാലിഗ്രഫിയുടെ നിയമങ്ങൾ ചോർന്നു പോകാതെ സുല്സ്, ദീവാനി, നസ്ഖ് തുടങ്ങിയ ലിപികളിൽ സൗന്ദര്യം തുളുമ്പുന്ന കാലിഗ്രഫി രചനകളാണ് പിറവിയെടുക്കുന്നത്.അറബിക് കാലിഗ്രഫിയുടെ പരമ്പരാഗതമായ, പ്രേത്യേക തരം ഖലമുകളാണ് എഴുതാനായി ഉപയോഗിക്കുന്നത്. യുഎഇ സ്വദേശികൾ പോലും അസിയുടെ കാലിഗ്രഫിയിൽ ആകൃഷ്ടരായി അവ വാങ്ങി സ്വീകരണ മുറികളിൽ അലങ്കാരമാക്കിയിട്ടുണ്ട്.സുഹൃത്തുക്കളുടെ ആവശ്യപ്രകാരം വീടുകളിലേക്കായി ഖുർആൻ വചനങ്ങളും, മറ്റും വിശ്രമമില്ലാതെ വരക്കുകയാണ് ഇപ്പോൾ. ഈയടുത്ത് വിട പറഞ്ഞ നാമേവരുടെയും പ്രിയപ്പെട്ട മെട്രോ മുഹമ്മദ് ഹാജിയുടെ ജീവൻ തുടിക്കുന്ന അസിയുടെ പെൻസിൽ പോർട്രെയ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി. കഴിഞ്ഞ വർഷം നടന്ന അബുദാബി കാഞ്ഞങ്ങാട് സംഗമത്തിലും, ഇന്ത്യാ ഫെസ്റ്റിലും അസി തന്റെ വരകൾ കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റി. പല പ്രോഗ്രാമുകളുടെയും ലോഗോകൾ ഒരുക്കിയും അസി വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. കഥയിലും, കവിതയിലും സമ്മാനങ്ങൾ നേടി കഴിവ് തെളിയിച്ച അസി ഒരു കലാപ്രതിഭ തന്നെയാണ്. ഈ മുറ്റത്തെ മുല്ലയുടെ മണം ചുറ്റും പരക്കുവാനായി നമുക്ക് അസിക്കായി അവസരങ്ങൾ ഒരുക്കാം. ഈ അമൂല്യ ചിത്രങ്ങൾ വാങ്ങി പ്രോത്സാഹിപ്പിച്ചാൽ അദ്ദേഹത്തിന് ഒരു വരുമാന മാർഗ്ഗം കൂടിയാവും.
Discussion about this post