ന്യൂഡല്‍ഹി > രാജ്യത്ത് കോവിഡ് മരണം 14000ലേക്ക്. ആകെ രോഗികള്‍ 4.40 ലക്ഷമായി. രോഗികളുടെ എണ്ണത്തില് അമേരിക്കയ്ക്കും ബ്രസീലിനും റഷ്യക്കും മാത്രം പിന്നിലാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയിലെ പ്രതിദിന രോഗികള്‍ റഷ്യയിലേതിന്റെ ഇരട്ടിയായി. ജൂലൈ ആദ്യ പകുതിയോടെ ഇന്ത്യ റഷ്യയെ പിന്തള്ളിയേക്കും. ഞായറാഴ്ച രാജ്യത്ത് 426 പേര് മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്ന്ന മരണസംഖ്യയാണിത്. 24 മണിക്കൂറില് 445 മരണവും 14821 രോഗികളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഗികള്‍15141.
● മഹാരാഷ്ട്രയ്ക്ക് പുറമെ ഡല്‍ഹിയിലും പ്രതിദിനരോഗികള്‍ മൂവായിരത്തിലേറെയായി. മഹാരാഷ്ട്രയില്‍ രോഗികള്‍ 1.36 ലക്ഷം. തിങ്കളാഴ്ച 62 മരണം, തുടര്‍ച്ചയായി ആറാം ദിനവും രോഗികള്‍ മൂവായിരം കടന്നു. ആകെ മരണം 6286. മുംബൈയില്‍ ആശുപത്രി കിടക്കകള്‍ക്കും ഐസിയു കിടക്കകള്‍ക്കും ക്ഷാമം. 96 ശതമാനം വെന്റിലേറ്ററുകളും ഉപയോഗത്തില്.
● തമിഴ്നാട്ടില്‍ തുടര്‍ച്ചയായി ആറാംദിനവും രണ്ടായിരത്തിലേറെ രോഗികള്‍. തിങ്കളാഴ്ച 35 മരണം, 2710 രോഗികള്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്.
● കര്‍ണാടകയില്‍ അഞ്ച്മരണം, 249 പുതിയ രോഗികള്‍. ആകെ രോഗികള്‍9399 ആയി. ബംഗളൂരുവിലെ നാലു പ്രദേശങ്ങളില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. ജൂണ്‍ 14ന് 690 കോവിഡ് രോഗികളുണ്ടായിരുന്ന ബംഗളൂരുവില്‍ ഒരാഴ്ചകൊണ്ട് 1272 ആയി. തിങ്കളാഴ്ച ഗുജറാത്തില്‍ 21 മരണം, ബംഗാളില്‍ 14 മരണം.
● ഗോവയില്‍ ആദ്യ കോവിഡ് മരണം. വടക്കന്‍ ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 85 കാരിയാണ് മരിച്ചത്.
● തെലങ്കാനയില്‍ 70 കാരനായ ഡോക്ടര്‍ മരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടര്.
● രോഗം ഭേദമായ മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെ ആശുപത്രി വിട്ടു.
● ഡല്‍ഹിയില്‍ മണ്ഡോലി ജയിലില്‍ ജൂണ്‍ 15 ന് മരിച്ച 62 കാരന് കോവിഡ് സ്ഥിരീകരിച്ചു.
ഞായറാഴ്ച രോഗികള്‍ 183000
ജനീവ > ഞായറാഴ്ച ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 183,000ത്തിലധികമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). 24 മണിക്കൂറിനിടെ ബ്രസീല്‍–-54771 , അമേരിക്ക–-36617, ഇന്ത്യ–-15400 എന്നിങ്ങനെയാണ് രോഗികള്‍.
രോഗികള്‍ വര്‍ധിക്കുന്നത് ഒന്നുകില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനാലോ അല്ലെങ്കില്‍ രോഗവ്യാപനമുണ്ടാകുന്നതിനാലോ ആണെന്ന് വിദഗ്ധര്‍.
●പാകിസ്ഥാനില്‍ രോഗികള്‍ 1,90,000. 24 മണിക്കൂറിനിടെ 4471 പേര്‍ക്ക് കൂടി കോവിഡ്. 89 പേര്‍ മരിച്ചു. പാകിസ്ഥാനില്‍ ഇതുവരെ 63 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനിരയായി. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിച്ചു.
●നേപ്പാളില്‍ രോഗികള്‍ പതിനായിരത്തോടടുക്കുന്നു. 24 മണിക്കൂറില്‍ 535 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 9561. 23 പേര്‍ മരിച്ചു
●സിംഗപ്പുരില്‍ 218 വിദേശത്തൊഴിലാളികള്‍ക്ക് കൂടി കോവിഡ്. രോഗികള്‍ 42313. 26 മരണം. കോവിഡ് പ്രതിരോധത്തിനായി സിംഗപ്പുരിന് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഇന്ത്യ ബിസിനസ് ഫോറം 159000 സിംഗപ്പുര്‍ ഡോളര്‍(86.60 ലക്ഷം രൂപ)നല്‍കി
●ദക്ഷിണകൊറിയയില്‍ രണ്ടാംഘട്ട വ്യാപനം കൈവിട്ടുപോകുന്നതായി സിയോള്‍ മേയര്‍ പാര്‍ക്ക് വോണ്‍സൂണ്‍. പ്രതിദിന രോഗികള്‍ 30തില്‍ താഴെ ആയില്ലെങ്കില്‍ സിയോളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മേയര്‍.
ഇന്ത്യയില്‍ മരിക്കുന്നവരിലേറെയും സ്ത്രീകള്‍
ലണ്ടന്‍ > കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുന്നവരിലേറെയും സ്ത്രീകളെന്ന് പഠനം. ലോകത്തെ മരണങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണിത്. പ്രായമേറിയ പുരുഷന്‍മാരാണ് ഇറ്റലി, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ കോവിഡിനിരയായത്.
ഇന്ത്യയില്‍ രോഗബാധിതരിലേറെയും പുരുഷന്‍മാരാണ്. മരിക്കുന്നതിലേറെയും സ്ത്രീകളും. ജേര്‍ണല്‍ ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത് സയന്‍സ് മാസികയില്‍ മെയ് 20 വരെ ഇന്ത്യയില്‍ നടത്തിയ പഠനമാണ് പ്രസീദ്ധീകരിച്ചത്. ഇന്ത്യയില്‍ രോഗബാധിതരായ സ്ത്രീകളില്‍ 3.3ശതമാനമാണ് മരണ നിരക്ക്. പുരുഷന്‍മാരില്‍ ഇത് 2.9ശതമാനംമാത്രം. പഠനം നടത്തിയ സമയത്ത് ഇന്ത്യയില്‍ 110000 രോഗികളും 3433 മരണവുമായിരുന്നു.
40–-49 പ്രായമുള്ളവരില്‍ 3.2ശതമാനം സ്ത്രീകള്‍ മരിച്ചു. പുരുഷന്‍മാര്‍ 2.1 ശതമാനവും. 5–-19 പ്രായമുള്ളവരില്‍ സ്ത്രീകള്‍ മാത്രമാണ് മരിച്ചത്. മറ്റു രാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാകാന്‍ കാരണം, പുരുഷന്‍മാരില്‍ ജീവിതശൈലീ രോഗങ്ങളും പുകവലിയും ഉള്ളതിനാലാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് പരിശോധന നടത്താനുള്ള സാഹചര്യം കുറവായതിനാലാകാം മരണനിരക്ക് കൂടുന്നത്. സ്ത്രീകള്‍ ചികിത്സ തേടാന്‍ വിസമ്മതിക്കുന്നതും മരണനിരക്ക് കൂടാന്‍ കാരണമാകാമെന്ന് പഠനം പറയുന്നു.
Discussion about this post