മുംബൈ: ഐ.എൻ.എൽ. മഞ്ചേശ്വരം മണ്ഡലം നേതാവും മുംബൈ കേരള മുസ്ലിം ജമാഅത്ത് അംഗവും ഐ.എം.സി.സി. നേതാവുമായ ഖാലിദ് ബംബ്രാണ മുംബൈയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഐ.എൻ.എൽ. സ്ഥാപക കാലം മുതൽ ഖാലിദ് സജീവമാണ്. ഈയടുത്ത് ഐ.എൻ.എൽ.അഖിലേന്ത്യാ പ്രസിഡണ്ട് മുംബൈ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം സഹചാരിയായി നിന്നു.
ഐ എം സി സി മുംബൈ കമ്മിറ്റി പ്രസിഡന്റ്, ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ കൗൺസിലർ , അഖില കേരള കാസർഗോഡ് ജമാഹത്ത് മയ്യത്ത് പരിപാലന കമ്മിറ്റി തുടങ്ങി നിരവധി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഖാലിദ് ബബ്രാണയുടെ അകാല വിയോഗവും ഞെട്ടലോടെയാണ് നഗരം കേട്ടത്. ചികിത്സ ലഭിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇന്നലെ കയറിയിറങ്ങിയ ആശുപത്രികളിൽ നിന്നെല്ലാം മടങ്ങേണ്ടി വന്നത്. നഗരത്തിലെ. മൂന്ന് നാല് ആശുപത്രികളിൽ കൊണ്ട് പോയെങ്കിലും ചികത്സക്കാവശ്യമായ കിടക്കയോ വെന്റിലേറ്റർ സൗകര്യങ്ങളോ , ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സംവിധാനങ്ങളോ ഒഴിവുണ്ടായിരുന്നില്ല. നഗരത്തിലെ പ്രധാന ആശുപത്രികളായ സെയ്ഫി, പ്രിൻസ് അലി ഖാൻ, ബോംബെ ഹോസ്പിറ്റൽ, ലീലാവതി എന്നിവിടങ്ങളിലാണ് കൊണ്ട് പോയത്. എവിടെയും ചികത്സക്കാവശ്യമായ അടിയന്തിര സൗകര്യങ്ങൾ നൽകുവാൻ കഴിയാത്ത വിധം തിരക്കായിരുന്നു. ഇതാണ് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തിന്റെ ദയനീയമായ അവസ്ഥ. മതിയായ ചികിത്സ ലഭിക്കാതെയാണ് അദ്ദേഹം മരണമടഞ്ഞത്.
പാർട്ടിക്ക് പൊതുവിലും മഞ്ചേശ്വരം മണ്ഡലത്തിനും അദ്ദേഹത്തിൻ്റെ നിര്യാണം ഒരു തീരാനഷ്ടമാണെന്ന് അഖിലേന്ത്യാ ഉപാധ്യക്ഷൻ കെ.എസ്. ഫക്രുദ്ദീൻ അനുസ്മരിച്ചു. ഖാലിദ് ബംബ്രാണയുടെ നിര്യാണത്തിൽ ഐ.എൻ.എൽ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമദ് ദേവർകോവിൽ, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം എന്നിവർ അനുശോചിച്ചു. ഐ.എൻ.എൽ. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു.
ഖാലിദ് ബബ്രാണയുടെ അകാല വിയോഗത്തിൽ ബോംബെ കേരള മുസ്ലിം ജമാഅത്ത് അനുശോചനം രേഖപ്പെടുത്തി. ഒരു നല്ല സാമൂഹിക പ്രവർത്തകനെയാണ് നഗരത്തിന് നഷ്ടമായതെന്ന് പ്രസിഡന്റ് സി എഛ് അബ്ദുൽ റഹ്മാൻ പറഞ്ഞു. മികച്ച സംഘാടകൻ കൂടിയായ ഖാലിദിന്റെ വേർപാട് ബോംബെ കേരള മുസ്ലിം ജമാഅത്തിന് തീരാനഷ്ടമായിരിക്കുമെന്ന് അനുശോചനം അറിയിച്ചു കൊണ്ട് സെക്രട്ടറി വി എ ഖാദർ ഹാജി, ട്രഷറർ വി കെ സൈനുദ്ദീൻ എന്നിവർ പറഞ്ഞു.
മുംബെയിലെ മർകസിൻ്റെ സജീവ സഹകാരിയായ കെ.എസ്. ഖാലിദ് ബംബ്രാണക്ക് വേണ്ടി ഖുർആൻ, ദിക്റ്, ദുആ ചെയ്യണമെന്നും മയ്യിത്ത് നമസ്കരിക്കണമെന്നും ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു.
Discussion about this post