തിരുവനന്തപുരം : വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ ഒരാഴ്ച നിര്‍ബന്ധമായും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിമാനത്താവളങ്ങളില്‍നിന്ന് നേരെ വീട്ടില്‍ പോകാന്‍ അനുവദിക്കില്ല. ഒരാഴ്ച കഴിഞ്ഞ് പിസിആര്‍ പരിശോധന നടത്തും. രോഗബാധയുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. ഇല്ലെങ്കില്‍ വീട്ടിലെത്തിയാലും ഒരാഴ്ച ക്വാറന്റൈന്‍. അതത് രാജ്യങ്ങളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന ഫലം സമര്‍പ്പിക്കുന്നവരെ മാത്രമേ വിമാനത്തില്‍ കയറ്റൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച വൈകിട്ട് പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കി. പുറപ്പെടുന്ന രാജ്യങ്ങളില്‍ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്.
വിമാനത്തില്‍ കയറും മുമ്ബ് തെര്‍മല്‍ സ്ക്രീനിങ് നടത്തും. വിമാനത്തിനുള്ളില്‍ രോഗലക്ഷണം കാണിച്ചാല്‍ ഐസൊലേറ്റ് ചെയ്യാന്‍ ക്രമീകരണം ഉണ്ടാകും. യാത്രയ്ക്കിടയില്‍ രോഗം മറ്റാരില്‍ നിന്നെങ്കിലും പകരാനുള്ള സാധ്യതയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. നാട്ടിലെത്തിയാല്‍ കുറഞ്ഞത് 14 ദിവസം ഗവണ്‍മെന്റിന്റെ ക്വാറന്റൈനില്‍ കഴിയണം. വീണ്ടും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ മാത്രം വീടുകളിലേക്ക് വിടും. വീടുകളില്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പരിശോധനയില്ലാതെ വിമാനത്തില്‍ കയറുന്നവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് രോഗം ഉണ്ടെങ്കില്‍ അത് സാമൂഹ്യവ്യാപനമുണ്ടാക്കുമെന്നും പുറപ്പെടുന്നിടത്തുതന്നെ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകം അംഗീകരിച്ച സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നത് ദൗര്‍ഭാഗ്യമാണ്. ഇറ്റലിയില്‍നിന്നും ഇറാനില്‍നിന്നും ഇന്ത്യക്കാരെ കൊണ്ടുവന്നപ്പോള്‍ നമ്മുടെ മെഡിക്കല്‍സംഘം അവിടെ പോയി പരിശോധിച്ചു. ഇത് ഇനിയും വേണം.
സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു ഇളവും അനുവദിക്കില്ല. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേരളം ചിട്ടയായ പദ്ധതി തയ്യാറാക്കി. എല്ലാ സജ്ജീകരണവും ഒരുക്കി. അടുത്തയാഴ്ചമുതല്‍ വിമാനങ്ങള്‍ വര്‍ധിക്കും. ആഴ്ചയില്‍ 20,000 പേര്‍ എത്തും. അവരെയെല്ലാം പരിശോധിക്കാനും ക്വാറന്റൈന്‍ ചെയ്യാനുമുള്ള ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 45,000ല്‍ അധികം പിസിആര്‍ ടെസ്റ്റ് കിറ്റുണ്ട്. കൂടുതല്‍ ഓര്‍ഡര്‍ നല്‍കി. ഈ മാസം അവസാനിക്കുമ്ബോള്‍ ഏതാണ്ട് 60,000 ടെസ്റ്റ് നടത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്റൈന്‍ കേന്ദ്രം സ്വന്തം പ്രദേശങ്ങളിലും
വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ളവയ്ക്കു പുറമെ പ്രവാസികളുടെ ജില്ലയില്‍ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള കേന്ദ്രങ്ങളും ക്വാറന്റൈന് ഉപയോഗിക്കും. ഇത്തരം രണ്ടരലക്ഷം കിടക്കയ്ക്കുള്ള സൗകര്യമുണ്ട്. 1.63 ലക്ഷം കിടക്ക തയ്യാറാണ്. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടിവന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളായി സജ്ജീകരിക്കും.
തീവ്ര രോഗബാധിത മേഖലയില്‍നിന്നുള്ളവര്‍ നീരീക്ഷണ കേന്ദ്രത്തിലേക്ക്
വിവിധ സംസ്ഥാനങ്ങളിലെ തീവ്രരോഗബാധിത മേഖലകളില്‍നിന്നെത്തുന്നവരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഏഴു ദിവസം നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തും. രോഗമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റും. മറ്റുള്ളവരെ വീടുകളിലേക്കു വിടും. തുടര്‍ന്നുള്ള ഏഴു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. 10 ജില്ലകളാണ് തീവ്ര രോഗബാധിത മേഖലകള്‍. ഈ ജില്ലകളില്‍നിന്ന് വരുന്നവരും ഹോട്ട്സ്പോട്ടുകളില്‍നിന്നു വരുന്നവരെയുമാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുക.
Discussion about this post