പെങ്ങൾ പാത്തിഞ്ഞയുട മകനാണെങ്കിലും അഷ്‌റഫ് കൂടെപ്പിറപ്പിനെ പോലെയായിരുന്നു, ഞങ്ങൾ നാലു സഹോദരങ്ങൾ അഷ്‌റഫിന്റെ ജേഷ്ഠൻ റഫീഖ് എന്റെ ജേഷ്ഠൻ ഹമീദ്,അഷ്‌റഫ്, പിന്നെ ഞാനും, പ്രായത്തിൽ ഞങ്ങൾ തമ്മിൽ ചെറിയ അന്തരം ഉണ്ടായിരുന്നുവെങ്കിലും സമപ്രായക്കാരെ പോലെയായിരുന്നു ചെറുപ്പം തൊട്ട് ഞങ്ങൾ കഴിഞ്ഞു വന്നിരുന്നത്.
എന്റെ ഓർമ്മകളിൽ അഷ്‌റഫിനെ കുറിച്ചു എഴുതിയാൽ തീരാത്ത കാര്യങ്ങൾ ഉണ്ടെങ്കിലും ഒന്നിനും ഒരു മൂഡ് ഇല്ലാത്ത വല്ലാത്തൊരു അവസ്ഥയിലാണിപ്പോൾ. അഷ്‌റഫിന്റെ വേർപാട് ഏല്പിച്ച ഞെട്ടലിൽ നിന്നും മനസ്സും ശരീരവും ഇനിയും മുക്തമായിട്ടില്ല.
ഈയൊരു മരവിപ്പ് മാറാൻ സമയമെടുക്കും. എങ്കിലും അഷ്‌റഫിന്റെ വിയോഗവുമായി ബന്ധപെട്ടു സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുള്ള അനുസ്മരണ കുറിപ്പുകൾ പലതും വായിച്ചപ്പോൾ കുറെയേറെ ഓർമ്മകൾ പങ്ക് വെക്കുവാൻ കഴിയുന്ന എനിക്ക് ആ കർത്തവ്യം നിറവേറ്റാതിരിക്കുക എന്നത് അവനോട് കാണിക്കുന്ന നീതികേടാകും.
.സ്നേഹിതൻ അഹ്മദ് പടിഞാറിന്റെ ഹൃദയസ്‌പൃക്കായ വരികൾ ഉൾപ്പെടെ അഷ്‌റഫിനെ അടുത്തറിഞ്ഞവരും കേട്ടറിഞ്ഞവരും അവന്റെ പ്രസ്ഥാന ബന്ധുക്കളും തയ്യാറാക്കിയ കുറിപ്പുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഓരോരുത്തരും അഷ്‌റഫ് ആരായിരുന്നു എന്ന് അവർ മനസ്സിലാക്കിയ രീതിയിലുള്ള കുറിപ്പുകൾ കുറിക്കുകയായാരുന്നു. എല്ലാത്തിലും അശ്രഫിനോടുള്ള ആത്മാർത്ഥ സ്നേഹം നിറഞ്ഞു തുളുമ്പി നില്കുന്നത് പ്രകടമാണ്.
മരണം എന്ന പ്രവഞ്ചസത്യം മനുഷ്യനെ തേടിയെത്തുക തന്നെ ചെയ്യും. പലപ്പോഴും ഔചിത്യ ബോധമില്ലാതെ അത് കടന്നു വരുന്നതും സാധാരണമാണ്. എന്നാൽ ചില വിയോഗകങ്ങൾ മരണത്തിന്റെ മനുഷ്യത്വ മുഖം നഷ്ടപ്പെടുത്തുന്നു.
അത്തരം ഒരു മരണമായിരുന്നു അഷ്റഫിന്റെത് എന്ന് വിലയിരുത്തിയാൽ അതിശയോക്തിയാവില്ല. കനൽപദങ്ങൾ നിറഞ്ഞ
ജീവിതത്തിന്റെ പാതി വഴികളും പിന്നിട്ട അഷ്‌റഫിന്റെ ജീവിത യാത്രയിലെ നല്ല ദിനങ്ങളിലൂടെ കടന്നു പോകുമ്പോഴായിരുന്നു മരണം അഷ്‌റഫിനെ റാഞ്ചിയത്. കടബാധ്യതകൾ ബാക്കിയുണ്ടെങ്കിലും നല്ലൊരു വീട് എന്ന സ്വപ്നം യാഥാർത്യമാവുകയും മകളെ നല്ലൊരു പുരുഷന് കൈപിടിച്ച് കൊടുക്കുകയും ചെയ്ത വലിയൊരു ആശ്വാസത്തിലായിരുന്നു അഷ്‌റഫ്.
ഓർമ്മകൾ ചികയുമ്പോൾ എന്റെ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത് നമ്മൾ നാലുപേരുടെ ഒന്നിച്ചുള്ള സുന്നത് കർമ്മമാണ്. അക്കാലത്ത് ഈയൊരു കർമ്മം ഇന്നത്തെ വിവാഹങ്ങൾ പോലെ ആര്ഭാടപരമായിരുന്നു.
വലിയ ലൗഡ്‌സ്പീക്കർ കോളാമ്പി മുറ്റത്തെ തെങ്ങിൽ കെട്ടിയിരുന്നു. അതിലൂടെ പുറത്ത് വരുന്ന ഗാനങ്ങൾ മൈലുകൾക്കപ്പുറം കേൾക്കുമായിരുന്നു. ആ പരിപാടിക്ക് മാത്രമായി അഷ്‌റഫിന്റെ ഉപ്പ ബി സി മമ്മച്ച, എന്റെ ഉപ്പ, കാരണവർ അബൂബക്കർ ഹാജി, മൂത്തപ്പ കുഞ്ഞാമച്ച ( അഷ്‌റഫിന്റെ വലിയുപ്പ )എന്നിവർ ഗൾഫിൽ നിന്നും വിമാനം കയറി നാട്ടിൽ എത്തിയ സംഭവങ്ങളൊക്കെ അഷ്റഫുമായി പങ്കിട്ട നല്ല ഓര്മകളായിരുന്നു. പിന്നീട് കളിപ്രായത്തിൽ കളിച്ചിട്ടുള്ള കോട്ടിക്കളി, സേറ്റ്കളി, ലധി കളി, കുട്ടിയുംകോലും കളി അങ്ങനെ എന്തെല്ലാം കളികൾ. കളിയുടെ പേരിൽ പലപ്പോഴും വഴക്കു കൂടേണ്ടതായും വന്നിട്ടുണ്ട്. . പിന്നീട് ബാല്യത്തിൽ കബഡി, ഫുട്ബാൾ, ക്രിക്കറ്റ് എല്ലാ കളികളിലും മുന്നിൽ തന്നെയായിരുന്നു അഷ്റഫ്. ക്രിക്കറ്റ് ഭ്രാന്ത് അല്പം കൂടുതലായിരുന്ന അവനെ വെസ്റ്റിൻഡീസ് കളിക്കാരൻ ഹൂപ്പറിന്റെ നാമത്തിലാണ് അക്കാലത്തു വിളിക്കപ്പെട്ടിരുന്നത്.ഫോമിലാണെങ്കിൽ അവന്റെ ബാറ്റിൽ നിന്നും ഒഴുകുന്ന ഹൂപ്പർ ശൈലിയിലുള്ള കൂറ്റൻ സിക്സറുകൾ കാണുവാൻ നല്ല രസമായിരുന്നു.. കല്ലൂരാവിയുമായി അവനുണ്ടായിരുന്ന അടുപ്പം നല്ല കബഡി കളിക്കാരനുമാക്കി.അവിടെ അവനേറെ സുഹൃത്ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു. ആ ബന്ധങ്ങൾ അവസാന നിമിഷം വരെ കാത്തു സൂക്ഷിച്ചിരുന്നു.കണ്ണൂർ മിംസ് ആശുപത്രയിൽ മരണത്തോട് മല്ലിടിച്ചു കഴിയുന്ന അവന്റെ വിശേഷങ്ങൾ അറിയുവാൻ കൂടെയുണ്ടായിരുന്ന എനിക്കും അവന്റെ ജേഷ്ഠൻ റാഫീഖിനും കല്ലൂരാവിയിൽ നിന്നും വന്ന ഫോൺ കോളുകൾ അതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു.
ചെറുപ്പത്തിൽ വികൃതി കൂടുതലായിരുന്ന അഷ്റഫ് അവന്റെ ഉപ്പയുടെ ചൂരൽ പ്രയോഗത്തിന് വിധേയമാകുന്നത് കണ്ടിട്ടുണ്ട്. അടിയുടെ ചൂട് ചെറുപ്പത്തിൽ തന്നെ അറിഞ്ഞത് കൊണ്ടായിരിക്കാം ഏറെ ധൈര്യശാലിയായിരുന്നു അവൻ. എത്ര ഗുരുതരമായ പ്രശ്നമായാലും അടുപ്പക്കാർക്കു വേണ്ടി അതിൽ ഇടപെടുവാൻ അവന് ഒരു മടിയുമുണ്ടാവില്ല.രാഷ്ട്രീയമായി നാട്ടിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ എന്ത് പ്രതികൂല സാഹചര്യമുണ്ടായാലും ധൈര്യസമേതം അത് നേരിടുന്ന അഷ്‌റഫിനെ പലപ്പോഴും കണ്ടിട്ടുണ്ട്,രാഷ്ട്രീയമായി എതിർ ചേരിയിലാണെങ്കിലും കുടുംബ ബന്ധത്തിൽ വിടവ് വരാതിരിക്കുവാൻ അവൻ ഏറെ ശ്രദ്ധിച്ചിരുന്നു. കുടുംബത്തിൽ മറ്റുള്ളവരൊക്ക മറ്റൊരു പാർട്ടിയായിട്ടും അവന്റെ ആദർശത്തിൽ അവൻ എന്നും ഉറച്ചു നിന്നു. ചെങ്ങായിമാർക്കും പ്രസ്ഥാനത്തിനും വേണ്ടി ചങ്ക് പറിച്ചു കൊടുക്കുവാനും അവൻ തയ്യാറായപ്പോൾ തന്നെ രാഷ്ട്രീയ സംഘട്ടനങ്ങൾ നടക്കുമ്പോൾ എതിർചേരിയിലായിരുന്ന ഞങ്ങൾക്ക് ആക്രമണം നേരിടേണ്ടി വന്നപ്പോൾ ഞങ്ങളുടെ രക്ഷകനായി അവൻ അവതരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മനസ്സിൽ ഒരു വിങ്ങലായി മാത്രമേ ഓർക്കാൻ കഴിയൂ. കുടുംബത്തിലെ കാരണവർ എതിർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കിമ്പോൾ പോലും അവന്റെ പാർട്ടി കൂറിനു ഒരു ചാഞ്ചല്യവും വന്നിരുന്നില്ല. അന്നും എന്നും, റൂഹ് പിരിയുന്നതിന്റെ അവസാന നിമിഷം വരെ പാർട്ടിയുടെ അടിയുറച്ച പോരാളിയായി തന്നെ അവൻ നിലനിന്നു. ഇതൊക്കെയാണെങ്കിലും അവന്റെ സുഹൃത് ബന്ധങ്ങളിൽ ഏറിയ പങ്കും മറ്റു പാർട്ടിക്കാരായിരുന്നു എന്നടിത്താണ് അഷ്‌റഫ് എന്ന മനുഷ്യ സ്നേഹിയുടെ തനിരൂപം വ്യക്തമാകുന്നത്. പ്രൈമറി തലത്തിലുള്ള വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അവന് മനുഷ്യ ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഒരു ബിരുദക്കാരന്റെ മെയ്കഴുത്തായിരുന്നു.നാട്ടിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങളിൽ ഭക്ഷണം വിളമ്പുകാരന്റെ റോളും മയ്യത്ത് കബർ സംസ്കാര ചടങ്ങുകളിൽ അവന്റെ കാര്മികത്വ വേഷവും ആർക്കും മറക്കാൻ കഴിയുന്നതല്ല.
അവന്റെ നന്മ മനസ്സിന്റെ മറ്റൊരു ഉദാഹരണമാണ് കുഞ്ഞു മക്കളോടുള്ള അവന്റെ സമീപനം. കുടുംബത്തിലും സുഹൃത്ബന്ധത്തിലുമുള്ള കുട്ടികളായായാലും അവരെ ലാളിക്കുന്നതിൽ ഒരു അഷ്‌റഫ് ടച്ച് തന്നെ പ്രകടമായിരുന്നു.
ആർക്കും ഏത് സമയത്തും എന്ത് സഹായമാണെങ്കിലും ഒരു മടിയും കൂടാതെ തന്നാൽ കഴിയുന്നത് ചെയ്യുന്ന അവന്റെ ശീലത്തിന് ജീവിക്കുന്ന തെളിവാണ് അവന്റെ മരണശേഷം പ്രചരിക്കുന്ന അവന്റെ ഒരു വോയ്‌സ് ക്ലിപ്പ്,കുവൈത്തിലുള്ള ഒരാൾക്ക് അവൻ നാട്ടിൽ നിന്നും അയച്ച വോയ്‌സ് ക്ലിപ്പിൽ പറയുന്നത് ഇങ്ങനയെയാണ് “ഇച്ച ഞമ്മളെ അസ്സാദിയിലെ പുള്ളേർക്ക് ഭക്ഷണത്തിനു ഒന്നുപോലും ഇല്ലാത്ത വളരെ വിഷമത്തിലാണ്.റൂമിൽ വെറും അരി മാത്രം ഉള്ള അവർക്കു നിങ്ങൾ എങ്ങനെയെങ്കിലും ഒരു ഭക്ഷണ കിറ്റ് എത്തിച്ചു കൊടുക്കണം ‘ നാട്ടിൽ ഏറെ കടബാധ്യതയിൽ പെട്ടും ദുരിത കാലത്തെ പ്രയാസത്തിൽ പെട്ടും കഴിയുന്ന നേരത്തും കുവൈറ്റിൽ താൻ താമസിക്കുന്ന റൂമുകളിലെ സഹോദരങ്ങൾക്ക് വേണ്ടിയുള്ള ആ ദീന സ്വരത്തിലുള്ള കെഞ്ചൽ മാത്രം മതി മറ്റുള്ളവരുടെ പ്രയാസത്തിൽ അഷ്‌റഫ് സ്വീകരിച്ചിരുന്ന നിലപാട് എന്താണെന്ന് അറിയാൻ.
ആശുപത്രിയിൽ അവന്റെ അന്ത്യനിമിഷങ്ങളിൽ കൂടെയുണ്ടായ വ്യക്തി എന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തിയ രണ്ടു കാര്യങ്ങൾ കൂടി കുറിച്ചു കൊണ്ട് ഞാൻ അവസാനിപ്പിക്കാം, ഒന്ന് അവന്റെ രോഗ വിവരങ്ങൾ അറിയുവാനും മരണ ശേഷം മയ്യത്ത് നാട്ടിൽ എത്തുന്ന സമയം അന്വേഷിച്ചും എന്നെയും ജേഷ്ഠൻ റഫീഖിനെയും വിളിച്ച ആളുകളുടെ പേരും നാടും അറിഞ്ഞപ്പോൾ ശരിക്കും പകച്ചു പോയി ഞാൻ. രണ്ട് ഫോണുകളിലേക്കും നിലക്കാതെ കാഞ്ഞങ്ങാടിന്റെ പലഭാഗത്തു നിന്നും ഗൾഫു നാടുകളിൽ നിന്നുമുള്ള വിവരന്വേഷണങ്ങൾ, ഒരുവേള പലരോടും എനിക്ക് കയർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. വിളിച്ചവർ തന്നെ വീണ്ടും വീണ്ടും വിളിക്കുന്നു, അവന്റെ അടുപ്പാക്കാരും ബന്ധുക്കളും മാത്രമായിരുന്നില്ല,അവന്റെ സഹപ്രവർത്തകർ, രാഷ്ട്രീയ മേഖലയിൽ മറു ചേരിയിലുള്ളവർ,ഐ എൻ എൽ സംസ്ഥാന നേതാവ് കാസിം ഇരിക്കൂർ, ഐ എം സി സി നേതാവ് സത്താർ കുന്നിൽ,സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീർ ആറങ്ങാടി, മുസ്ലിം ലീഗ് നേതാക്കളായ എം പി ജാഫർ, ഓൺഫോർ അബ്ദുൽ റഹിമാൻ, ടി റംസാൻ, കെ കെ ജാഫർ, കെ കെ ഇസ്മായിൽ, കൂളിയങ്കാൽ ജമാഅത്ത് വൈസ് പ്രസിഡന്റ് ടി കാദർ ഹാജി, ഫൈസൽ ചെരക്കടത്ത് എന്നിവരുടെ നിരന്തരമായുള്ള കോളുകൾ , അത് പോലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടക്കുന്ന ഖത്മുൽ ഖുർആൻ, ദിക്ർ മജ്ലിസുകൾ, പ്രാർത്ഥനകൾ, ചികിത്സാ ചിലവിലേക്കുള്ള ധന സഹായ പിരിവുകൾ,…… ഇത്രയൊക്കെ സ്വാധീനമുള്ള ഒരു വ്യക്തിയായിരുന്നുവോ അഷ്‌റഫ് എന്ന് പലതവണ ചിന്തിച്ചു പോയി. എതിർ പാർട്ടിയുടെ വലിയൊരു കൂട്ടായ്മയിലും അവന് വേണ്ടിയുള്ള പ്രാർത്ഥന, ഇതൊക്കെയെല്ലേ ഒരു മനുഷ്യ സ്‌നേഹി ഇവിടെ ജീവിച്ചു എന്നതിനുള്ള ഏറ്റവും വലിയ അടയാളപ്പെടുത്തൽ. മറ്റൊന്ന്, മയ്യത്ത് കൊണ്ട് വരാൻ ആംബുലൻസിനു വേണ്ടിയുള്ള അന്വേഷണം ഒടുവിൽ ചെന്നെത്തിയത് അവൻ ഹൃദയത്തിലേറ്റി സ്നേഹിച്ചു കൊണ്ടു നടന്ന മഹാനായ സേട്ടു സാഹിബിന്റെ നാമദേയത്തിലുള്ള ആംബുലന്സിലാണ്. പടന്നക്കാട്ടെ മൻസൂർ ഡ്രൈവറായായ ആംബുലൻസ് ആലപ്പുഴയിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നുണ്ട് എന്ന വിവരം ബിൽടെക് അബ്ദുള്ളയും കൂളിയങ്കാൽ ജമാഅത്ത് വൈസ് പ്രസിഡന്റ് മുത്തലിബ് എം എ യും അറിയിച്ചു, അങ്ങനെ ഒരു നിമിത്തമെന്നോണം അവന്റെ ദുനിയാവിലെ അവസാന യാത്ര അവൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു നേതാവിന്റെ പേരിലുള്ള വാഹനത്തിലുമായി.മരണനേരത്തിലെ അവസാന നിമിഷം zamzam വെള്ളം വായയിൽ ഉറ്റിച്ചു കൊടുത്തു കലിമത്ത് ശഹാദത്ത് കാതിൽ ചൊല്ലിക്കൊടുക്കുമ്പോഴും പരിശുദ്ധ റംസാനിന്റെ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാത്രിയിൽ, സ്വർഗ്ഗ കവാടം തുറന്നു വെച്ചിരിക്കുന്ന വിശുദ്ധ മാസം അല്ലാഹുവിന്റെ സന്നിധിയിലേക്ക് അഷ്‌റഫ് തിരിച്ചു യാത്രയായത് ഉതാത്തമായ മനുഷ്യ സ്നേഹം ജീവിതത്തിൽ ഉടനീളം ഉയർത്തി പിടിച്ചത് കൊണ്ട് തന്നെയായിരിക്കും എന്ന് ആ നേരം വിറങ്ങലിടിച്ചു സ്തംഭിച്ചു പോയ എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
അവന്റെ ജനാസയെ ഒരു നോക്ക് കാണുവാനും മറ്റു കർമ്മങ്ങളിൽ പങ്കെടുക്കുവാനും എത്തിയ എല്ലാ സഹോദരങ്ങൾക്കും നന്മ നേർന്നു കൊണ്ടും അവന്റെ പാരത്രിക ലോകം വെളിച്ചമാകുവാനും കുടുംബക്കാർക്കു അണഞ്ഞു പോയ വിളക്കിന്റെ പ്രകാശത്തിന് പകരം അല്ലാഹുവിന്റെ കാരുണ്യമെന്ന പ്രകാശം ചൊരിയുവാൻ പ്രാര്ഥിക്കണമെന്നും വസിയത്തോടെ, അല്ലാഹു അഷ്റഫിന്റെയും നമ്മുടെയും എല്ലാ ദോഷങ്ങളും പൊറുത്തു തരട്ടെ, ആമീൻ
മുത്തലിബ് കൂളിയങ്കാൽ
Discussion about this post