യുഎഇ> യു എ ഇയിലെ സാംസ്കാരിക കൂട്ടായ്മ’ഓര്മ’യുടെ ആദ്യ സൗജന്യ ചാര്ട്ടേഡ് വിമാനം പുറപ്പെട്ടു. ജൂണ് 21 ഞായറാഴ്ച്ച വൈകിട്ട് യു എ ഇ സമയം 5.30 ന് ദുബായില് നിന്ന് കണ്ണൂരിലേക്കു തിരിച്ച വിമാനത്തില് 3 കുട്ടികളടക്കം, കേരളത്തിലെ വിവിധ ജില്ലകളില് നിന്നുള്ള 183 പേരാണുള്ളത്.
മുഴുവന് യാത്രക്കാര്ക്കും വിമാനത്താവളത്തില് വച്ച് റാപിഡ് ടെസ്റ്റ് നടത്തിയിരുന്നു.ഒപ്പം ഓരോ യാത്രക്കാര്ക്കും ആവശ്യമായ പി പി ഇ കിറ്റും ഭക്ഷണവും സൗജന്യമായി ലഭ്യമാക്കി. വിമാനത്താവളത്തില് യാത്രക്കാര്ക്കാവശ്യമായ സഹായങ്ങള് നല്കി മുതിര്ന്ന അംഗങ്ങളായ അബ്ദുല് റഹ്മാന്, അബ്ദുല് റഷീദ്,രാജന് മാഹി, എന്നിവരുടെ നേതൃത്വത്തില്, ഓര്മയുടെ സജീവ പ്രവര്ത്തകരും ഉണ്ടായിരുന്നു. പ്രവാസികള്ക്ക് സൗജന്യ യാത്രയൊരുക്കുന്നുവെന്ന തീരുമാനത്തോട് കേരള മുഖ്യമന്ത്രി, സ്പീക്കര് എന്നിവരുടെ ഓഫിസില് നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് ഓര്മ പ്രവര്ത്തകര് വ്യക്തമാക്കി.
രാത്രി 11 മണിയോടെ നാട്ടിലെത്തുന്ന, വിവിധ ജില്ലകളില് നിന്നുള്ള മുഴുവന് യാത്രക്കാര്ക്കും സര്ക്കാര് നിര്ദ്ദേശാനുസരണം വേണ്ട വാഹനസൗകര്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്.ഓരോരുത്തരുടെയും സാഹചര്യങ്ങള് അനുസരിച്ചു ഹോം ക്വാറന്റൈന്, ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈന് എന്നിവയ്ക്കുള്ള പ്രത്യേകം സൗകര്യങ്ങളും ഇതിനകം ഒരുക്കിക്കഴിഞ്ഞു. ഇക്കാര്യത്തില് കേരളത്തില് നിന്നുള്ള രാജ്യസഭാംഗം കെ കെ രാഗേഷ് എം പി യുടെ കൃത്യമായ ഇടപടലാണ് സഹായകമായതെന്ന് ‘ഓര്മ’ നേതൃത്വം അറിയിച്ചു.
പ്രവാസികളുടെ നിലവിലുള്ള സാഹചര്യം തിരിച്ചറിഞ്ഞാണ് ‘ഓര്മ’ തികച്ചും മാതൃകാപരമായി സൗജന്യ യാത്ര ഏര്പ്പെടുത്തുന്നതെന്ന് കൂട്ടായ്മയുടെ രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ എന് കെ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. ഒപ്പം, ‘ഓര്മ’യുടെ രണ്ടാം ഘട്ട വിമാനം ഉടന് ഉണ്ടാകുമെന്നും രണ്ടാം ഘട്ടത്തില് സംസ്ഥാന സര്ക്കാര് നിര്ദ്ദേശപ്രകാരമുള്ള കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുകയെന്നും ‘ഓര്മ’ വ്യക്തമാക്കി
Discussion about this post