പളളിക്കര : കോവിഡ് -19 മഹാമാരി കാലത്തും ജനോപകാര പ്രദമായ നിരവധി നല്ല കാര്യങ്ങൾ ചെയ്ത് തീർത്ത പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും വൈസ് പ്രസിഡൻ്റിനെതിരെയുമുള്ള മുസ്ലിം ലീഗിൻ്റെ സമര നാടകം ജനം പുച്ഛിച്ച് തള്ളുമെന്ന് ഐഎൻഎൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിപ്പുഴയും ജനറൽ സെക്രട്ടറി മൊയ്തു കുന്നിലും പറഞ്ഞു.
ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ അംഗങ്ങളുടെയും വാർഡുകളിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണ കിറ്റും, കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണ വിതരണവും, തുടങ്ങി ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻ നിർത്തിയുള്ള അഭിനന്ദനാർഹമായ നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറൻ്റയിൻ സൗകര്യങ്ങൾ ഏർപ്പെടുത്തി അവർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നതുൾപ്പെടെ അതീവ ശ്രദ്ധ പുലർത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്.
ഏതൊരു ജന പ്രതിനിധിക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം.അബ്ദുൾ ലത്തീഫ് നടത്തി വരുന്നത്.
ജനസേവകനെന്ന നിലയിൽ, തന്നെ സമീപിക്കുന്ന ആർക്കും മാനുഷിക പരിഗണന വെച്ച് കൊണ്ട് എന്ത് സഹായവും ചെയ്ത് നൽകുന്ന വൈസ് പ്രസിഡൻ്റിൻ്റെ നന്മയ്ക്കെതിരെ രാഷ്ട്രീയം വൈര്യം കാണുന്നവർ ജനദ്രോഹികളാണെന്നും, പള്ളിക്കരയിലെ പൊതു സമൂഹം ഇത് തിരിച്ചറിയുമെന്നും നേതാക്കൾ പറഞ്ഞു.
Discussion about this post