നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് നേരെയുള്ള ചൂഷണം അവസാനിക്കുന്നില്ല.
സർക്കാർ ഏർപ്പെടുത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്രക്കാരെ കൊണ്ടു പോകുന്നത് ഒഴിവാക്കിയതോടെ ടാക്സികളുടെ ഭാഗത്ത് നിന്നാണ് കൊള്ളയും ചൂഷണവും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവ്വീസ് നടത്താൻ കരാർ എടുത്തു എന്ന് പറയപ്പെടുന്ന കാലിക്കറ്റ് ടൂർസ് ആൻ്റ് ട്രാവൽസ് വൻതുക ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുകയാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം (14/6/20202) വൈകീട്ട് മസ്ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വന്ദേ ഭാരത് മിഷൻ്റെ IX 1714 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മുഹമ്മദ് ഷമീം(Shamim Mp) മുഹമ്മദ് ഫാസിൽ (Fasil Padne) എന്നിവർ അവർക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഇങ്ങിനെ വിശദീകരിക്കുന്നു,
” പരിശോധനകളെല്ലാം കഴിഞ്ഞ് വൈകുന്നേരം ആറ് മണിക്കാണ് ഞങ്ങൾ പുറത്തിറങ്ങിയത്. എയർപോർട്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സുണ്ട്, അതിൽ മാത്രമേ പോകാവു എന്നായിരുന്നു മസ്കറ്റിൽ നിന്നും പുറപ്പെടുന്നതിന് മുമ്പ് ലഭിച്ച നിർദ്ദേശം. എന്നാൽ ഇവിടെ എത്തിയപ്പോൾ അതൊന്നും കണ്ടില്ല.
പകരം കാലിക്കറ്റ് ടൂർസ് ആൻ്റ് ട്രാവൽസിനാണ് യാത്രക്കാരെ കൊണ്ടുപോകാൻ കരാർ കൊടുത്തിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. കുവൈറ്റിൽ നിന്നുള്ള വിമാനവും ഇതേ സമയം എത്തിയതിനാൽ നല്ല തിരക്കുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാനോ യാത്രികരെ വേഗത്തിൽ പറഞ്ഞ് വിടാനോ യാതൊരു വിധ സജ്ജീകരണവും ഒരുക്കിയിരുന്നില്ല. 6 മണി മുതൽ ക്യൂവിൽ നിന്നിട്ട് ഒടുവിൽ പതിനൊന്നര മണിക്കാണ് ടാക്സി കൗണ്ടറിന് മുന്നിൽ എത്തിയത്. ചെറുവത്തൂരിലേക്ക് 3300 രൂപയാണെന്ന് അവിടെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ആ തുകക്കുള്ള റസീപ്റ്റ് എഴുതി, എന്നാൽ ആവശ്യപ്പെട്ടത് 4500 രൂപ. ഈ അന്യായത്തെ ചോദ്യം ചെയ്തപ്പോൾ ധിക്കാരവും പരിഹാസവും നിറഞ്ഞ മറുപടി.
ഡ്രൈവർമാരിൽ ചിലർക്ക് കോവിഡ് ബാധിച്ചെന്നും അവരെ സഹായിക്കാനാണ് റസീപ്റ്റിൽ കാണിക്കാതെ ഈ അധിക തുക ഈടാക്കുന്നത് എന്നായിരുന്നു വിശദീകരണം.
ട്രാവൽസിൻ്റെ പ്രതിനിധിയായ ഷൈജു എന്ന വ്യക്തിയാണ്
ഈ ചൂഷണത്തിന് നേതൃത്വം കൊടുത്തത്. റസീപ്റ്റിൽ രേഖപ്പെടുത്തിയ തുകയിൽ കൂടുതൽ നൽകാനാവില്ലെന്ന് ഞങ്ങൾ നിലപാടെടുത്തു.
എന്നാൽ സമയം പാതിരാത്രിയും കഴിഞ്ഞതോടെ ആശങ്കപ്പെട്ട ഞങ്ങൾ ഒടുവിൽ, തുക വീട്ടിൽ എത്തിയിട്ട് ഡ്രൈവറുടെ വശം കൊടുക്കാം എന്ന് സമ്മതിച്ചു. പക്ഷെ അത് പോലും അവർക്ക് സ്വീകാര്യമായില്ല. പാസ്പോർട്ട് വെച്ചോളു ,
കാശ് തന്നതിന് ശേഷം തിരിച്ച് തന്നാൽ മതി എന്ന് കെഞ്ചി പറഞ്ഞിട്ടും അവരുടെ മനസ്സലിഞ്ഞില്ല. കയ്യിൽ ദിർഹവും ദീനാറും ഉണ്ടല്ലൊ, അതിങ്ങെടുക്ക് എന്ന് അപമാനിക്കുന്ന രീതിയിലുള്ള സംസാരമാണുണ്ടായത്. എല്ലാ യാത്രക്കാരോടും ഇതേ രീതിയിൽ ധിക്കാരത്തോടെയാണ് ഇവരുടെ പെരുമാറ്റമുണ്ടായത്. എല്ലാവരോടും അധികചാർജ് തന്നെയാണ് ഈടാക്കിയതും. സമയം ഏറെ വൈകിയത് കാരണം പലരും ചോദിച്ച പണം നൽകി, വേഗത്തിൽ നാടണയാനാണ് വ്യഗ്രത കാട്ടിയത്.
ഈ അനീതിയും ധിക്കാരവും വകവെച്ച് കൊടുക്കരുത് എന്ന് തന്നെ തീർച്ചപ്പെടുത്തി എയർപോർട്ട് അതോറിറ്റിക്ക് മുന്നിൽ ഞങ്ങൾ പരാതിയുമായെത്തി. വേറെയും ചിലർ ഇവർക്കെതിരെ പരാതി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ അതോറിറ്റി പക്ഷെ പരാതി രേഖാമൂലം എഴുതി വാങ്ങാൻ കൂട്ടാക്കിയില്ല. എഴുതിയ പേപ്പർ വാങ്ങുന്നതിലുള്ള ആശങ്കയാണ് അവർ പങ്കുവെച്ചത്. ഏതായാലും എല്ലാ ദുരിതവും താണ്ടി ഇവിടെ എത്തിയിട്ടും പിന്നേയും പാവം പ്രവാസികളുടെ കാലി കീശയിൽ കയ്യിടുന്നവർക്കെതിരെ നിയമ പരമായി തന്നെ പൊരുതും. ഇന്ന് മുഖ്യമന്ത്രിക്കും, ട്രാൻസ്പോർട്ട് കമ്മീഷണർക്കും, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്കും, എയർ പോർട്ട് അതോറിറ്റിക്കും പോലീസിലും പരാതി കൊടുക്കും.”
Discussion about this post