ദുബായ്: കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ സര്‍വീസ് ഏർപ്പെടുത്താൻ യു.എ.ഇയിലെ കെ.എം.സി.സിയുടെ നാഷണൽ കമ്മിറ്റി തീരുമാനിച്ചു. ഇതിനുള്ള അനുമതി തേടി ഭാരവാഹികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്ര കാര്യാലയങ്ങളെയും സമീപിച്ചു. സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ എന്നിവരാണ് അനുമതിക്കായി അധികൃതര്‍ മുമ്പാകെ അപേക്ഷ നല്‍കിയത്.
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു നാട്ടിലേക്കു പോകാൻ അവസരം കാത്തിരിക്കുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് അടിയന്തര വിമാന സര്‍വീസ് നടത്താനും പൗരന്മാരെ ഉടനടി നാട്ടിലെത്തിക്കാനും നിരന്തരം ആവശ്യപ്പെട്ട ശേഷമാണ് കെ.എം.സി.സി നേരിട്ടു വിമാനങ്ങൾ ചാർട്ടു ചെയ്തു സർവീസ് നടത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ വരുത്തുന്ന കാലതാമസം പ്രതിഷേധങ്ങൾക്ക് കാരണമാവുന്നതിനിടെയാണു കെ.എം.സി.സിയുടെ പുതിയ ഉദ്യമം.
വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ തുടങ്ങിയവരിൽ അടിയന്തര സാഹചര്യത്തിൽ ഉള്ളവർക്കു വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്. ഇവരിൽ നിന്ന് പരിശോധനയില്‍ കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ച നിര്‍ദ്ദനരായ മടക്കയാത്രക്കാരെയാണു സർവീസിനു അനുമതി ലഭിച്ചാൽ ചാര്‍ട്ടര്‍ ചെയ്ത വിമാന സര്‍വീസുകള്‍ വഴി സൗജന്യമായി നാട്ടിലെത്തിക്കുക. കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
Discussion about this post